ആകെ പേജ്‌കാഴ്‌ചകള്‍

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ദി ലാസ്റ്റ് അസൈന്‍മെന്റ് ...............


എഞ്ചിനീയറിംഗ് എന്ന അങ്കം കഴിഞ്ഞപ്പോ ഇനി ഒരു അങ്കം വയ്യ എന്ന് വിചാരിച്ചു വാളും പരിചയും താഴെ വെച്ചത് ആണ്..ഹൌ! എന്തൊരു കാലം...!എന്തൊക്കെ കുന്ത്രാണ്ടങ്ങള്‍  ആയിരുന്നു................ ഗ്രാഫിക്സ്.മെക്കാനിക്സ് ,സോളിഡ് സ്റ്റേറ്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് സര്കുട്ട്, ...ഒപാംപ് , മൈക്രോ പ്രോസ്സസ്സര്‍  ..ഇലട്രിക്കല്‍  തിയറി ...ഹെന്റമ്മോ .ഓര്‍ക്കുമ്പോ തന്നെ തല കറങ്ങുന്നു..


അത് കൊണ്ട് തന്നെ എഞ്ചിനീയറിംഗ് കഴിഞ്ഞു കുറച്ച കാലം വിശ്രമം ആയിരുന്നു..രാവിലെ 10 മണിക്ക് എഴുന്നേറ്റു പത്രം വായിക്കും..ഭക്ഷണം കഴിക്കും..പിന്നെ അതി കഠിനമായ അധ്വാനം തുടങ്ങും..ഉറക്കം..!ഉച്ച ആവുമോ ക്ഷീണം കാരണം എഴുനേല്‍ക്കും..ഭക്ഷണം കഴിക്കും...വീണ്ടും ഉറക്കം...വൈകുനേരം ചായ...അത് കഴിഞ്ഞു ഒരു ചെറിയ മയക്കം..അധിക സമയം ഒന്നും ഇല്ല ..രാത്രി ഭക്ഷണം വരെ.മാത്രം.. രാത്രി ഭക്ഷണം കഴിഞ്ഞാല്‍ അന്നത്തെ അധ്വാനത്തിന്റെ ക്ഷീണം മാറാന്‍ വീണ്ടും ഉറങ്ങും....ഇതിന്റെ ഇടയില്‍ കുറേ പരിചയക്കാര്‍ക്ക് resume അയച്ചു കൊടുക്കും...ഇടയ്ക്കിടെ ഏതെങ്കിലും കമ്പനിക്കാര്‍ വിളിക്കും...പരീക്ഷ ... ഗ്രൂപ്പ്‌ ഡിസ്കഷന്‍....... ഇന്റര്‍വ്യൂ അങ്ങനെ പലതും നടത്തിയേ അവര്‍ ആളെ എടുക്കൂ.. ഇംഗ്ലീഷ് കിടിലം ആയതു കൊണ്ട് ഞാന്‍ പരീക്ഷ എന്ന ആദ്യ കടമ്പ തന്നെ കടക്കാറില്ല...അത് കൊണ്ട് തീറ്റയും ഉറക്കവും വളരെ ഭംഗിയായി നടന്ന കാലം...


കുറച്ചു കാലം കഴിഞ്ഞപ്പോ വീട്ടുകാര്‍ക്ക് തോന്നി....ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന്...അങ്ങനെ ആണ് ആ ചോദ്യം ഉയര്‍ന്നത്..."പണിക്ക് ഒന്നും പോവുന്നില്ല എങ്കില്‍ പഠിക്കാന്‍ പോയ്കൂടെ?"  ഭഗവാനെ..!..രണ്ടും എനിക്ക് ഇഷ്ടം തീരെ ഉള്ള കാര്യം അല്ല..ഇഷ്ടം ഉള്ള കാര്യം എന്താണ് എന്ന് ചോദിച്ചാല്‍ ഒരു പണിയും ചെയ്യാതെ അങ്ങനെ ഇരിക്കണം....വിത്ത്‌ ഫുഡ്‌.. വീട്ടുകാര്‍ എന്നെ ഓടിക്കാന്‍ തീരുമാനിച്ചു....." ഗേറ്റ്  സ്കോര്‍ ഉള്ളതല്ലേ? വല്ല കോളേജ് ലും പോയി കിടന്നുറങ്ങെടാ....ഒന്നും ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ 5000 രൂപ മാസം കിട്ടില്ലേ?"


അങ്ങനെ ആണ് M ടെക്  പഠിക്കാന്‍ എന്ന പേരില്‍ DOEACC ഇല്‍ എത്തുന്നത്...കൊച്ചിന്‍ യുനിവേര്‍സിറ്റി ആയിരുന്നു എനിക്ക് ഇഷ്ടം..അവിടെ ആവുമ്പോ എന്നെ പോലെ ഉള്ള അലമ്പന്‍ മാര്‍ ധാരാളം ഉണ്ട്...പക്ഷെ DOEACC ഇല്‍ ചേര്‍ന്ന് ഫീസും കൊടുത്തു വീട്ടില്‍ എത്തിയപ്പോള്‍ ആണ് കൊച്ചിന്‍ യുനിവേര്‍സിറ്റി എനിക്ക് ചെല്ലാന്‍ പറഞ്ഞുള്ള ഇണ്ടാസ് അയക്കുന്നത്...ഇനി ഇപ്പൊ DOEACC വച്ചു അഡ്ജസ്റ്റ് ചെയ്യാം..അങ്ങനെ വീണ്ടും...പഠനം...!കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ എന്തൊക്കെയോ മഹാ പാപം ചെയ്തിട്ടുണ്ട് എന്നാ തോന്നുന്നത്......!


അവിടെ എത്തിയപ്പോ പഠിക്കാന്‍ വന്നിരിക്കുന്നത് മുഴുവന്‍ തെലുങ്കന്മാര്‍ .... ഇവന്മാര്‍ക്ക് M ടെക് കഴിഞ്ഞാല്‍ ഒടുക്കത്തെ സ്ത്രീധനം ആണു പോലും..ഒരു കോടി ...രണ്ടു കോടി ഒക്കെ കിട്ടുമത്രേ....മൈ ഗോഡ്..! M ടെക് കഴിഞ്ഞു അങ്ങോട്ട്‌ വിട്ടാലോ?അല്ലെങ്കില്‍ വേണ്ട...മലയാളീ പെണ്ണുങ്ങള്‍ തന്നെയാ നല്ലത്..( ഇത് വായിക്കുന്ന മലയാളി പെണ്ണുങ്ങള്‍ ദയവായി ശ്രദ്ധിക്കുക....അധികം ജാഡ കാണിച്ചാല്‍ ഞങ്ങള്‍ ഇടയ്ക്കിടയ്ക് മൂളുന്ന ശ്രീ കുമാരന്‍ തമ്പിയുടെ മലയാളീ പെണ്ണെ നിന്റെ മനസ് എന്ന പാട്ട് തെലുങ്കാന പെണ്ണെ നിന്റെ മനാമു...എന്ന് മാറ്റി പാടി  കൂട്ടത്തോടെ തെലുങ്ക് നാട്ടിലേക്ക് വണ്ടി കയറും...കേരളത്തില്‍ 1000 പെണ്ണുങ്ങള്‍ക്ക് 970  ആണുങ്ങളെ ഉള്ളു എന്ന് എന്നെ പണ്ട് സ്കൂളില്‍ സോഷ്യല്‍ സ്ടടീസ് പഠിപ്പിച്ച ശോഭന ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്..   അവസാനം  ഇവിടെ കിടന്നു കരഞ്ഞിട്ടു കാര്യം ഇല്ല..!.)



അലമ്പന്‍മാര്‍ ആരും ഇല്ല കൂട്ടിനു എന്ന എന്റെ വിഷമം അധികം നീണ്ടു നിന്നില്ല..sponsored category യില്‍ എന്നെ പോലെ തന്നെ വശപ്പിശ്ക് പാര്‍ട്ടി ഒരുത്തന്‍ ഉണ്ട്....മുഖം കണ്ടാലെ അറിയാം ..എന്നെ പോലെ തന്നെ കള്ള ലക്ഷണം.....സോഫ്റ്റ്‌ വെയര്‍  കമ്പനി ആണത്രെ അവനെ പഠിക്കാന്‍ വിട്ടിരിക്കുന്നത്... തിരുവനന്തപുരം  കാരന്‍...പേര് പറയണോ?? ഹരി...18 പേരില്‍ ഭൂരിഭാഗവും തെലുങ്കന്മാര്‍ തന്നെ..മലയാളീകള്‍ ആയി 6 പേര്..ഒന്ന് ഞാന്‍..പിന്നെ ഹരി..പഠിപ്പിക്കല്‍ പരിപാടിയില്‍ നിന്നും പഠനത്തിലേക്ക്  വന്ന ബെര്‍ളി...പിന്നെ കാനു..(ഈ പേര് ഞാന്‍ പണ്ട് കേട്ടിട്ടുണ്ട്...നൈജെരിയ ഫുട്ബാള്‍ ടീമില്‍ ഉണ്ടായിരുന്നു ഒരു നുവന്‍ കോ കാനു.)... നാരീ മണികള്‍ ആയി രണ്ടു മലയാളികള്‍ കൂടെ..! അങ്ങനെ കോറം തികഞ്ഞു..


വന്നതിന്റെ ഒരാഴ്ച കഴിഞ്ഞില്ല ....അതാ വരുന്നു ഒരു പരീക്ഷണം......ഒരു assignment രൂപത്തില്‍...ഒരു ജോണ്‍ സാര്‍ ഉണ്ട് അവിടെ....ഞങ്ങളുടെ കൂടെ ആണ് NIT കാലിക്കറ്റ്‌ പിള്ളേരുടെ ക്ലാസും..അവന്മാര്‍ക്ക് അവിടെ മൈക്രോ കണ്ട്രോളര്‍ ലാബും, ഇന്‍സ്ട്രുമെന്റ് ലാബും ഇല്ല..അത് കൊണ്ട് അവന്മാരുടെ ലാബ്‌ ചെയ്യല്‍ ഞങ്ങളുടെ കൂടെ ആണ്..ജോണ്‍ സാറിനെ ഇവന്മാര്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി... NIT യിലെ ബുദ്ധി ജീവികളെ ഒക്കെ വിറപ്പിക്കുന്ന പുലി ആണ് പോലും..നിന്നെ ഒക്കെ അങ്ങേരു കടിച്ചു കീറും എന്ന് അവന്മാര്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട്...


ഒരു വലിയ സര്‍ക്യുറ്റ് ഡയഗ്രം ആണ് തന്നിരിക്കുന്നത്.ഇതിന്റെ എന്തൊക്കെയോ സംഭവങ്ങള്‍ കണ്ടുപിടിക്കണം പോലും....ഞാന്‍ ആ സര്‍ക്യുറ്റ് ഡയഗ്രം ഒരു പ്രാവശ്യമേ നോക്കി ഉള്ളു..ഈശ്വരാ ...ഈ ഓപ് ആംപ് (operational  amplifier ) എന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നത്..! ഒരു ഓപ് ആംപ് പിടിപ്പിച്ചിരിക്കുന്ന പടം കണ്ടാല്‍ തന്നെ എനിക്ക് തല കറങ്ങും...ഈ തന്നിരിക്കുന്ന പടത്തില്‍ ഓപ് ആംപ്  തന്നെ രണ്ടു മൂന്നെനം ഉണ്ട്...പോരാത്തതിനു കുറേ capacitor resistor !എല്ലാ നാശങ്ങളും  ഉണ്ട്...പട പേടിച്ചു പന്തളത്ത് ചെന്നപ്പോ....


ഞാന്‍ വിചാരിച്ചു എനിക്ക് മാത്രമേ ഇതൊന്നും അറിയാതെ ഉള്ളു എന്നാണ്...നോക്കുമ്പോ ബാക്കി ഉള്ളവന്മാരുടെയും സ്ഥിതി ഇങ്ങനെ ഒക്കെ തന്നെ..! ആര്‍ക്കും ഒന്നും മനസിലാവുന്നില്ല...ഇത്ര ഭീകരം ആയ സര്‍ക്യുറ്റ് ഡയഗ്രം അവന്മാരും ഇത് വരെ കണ്ടിട്ടില്ല....സമാധാനം..!.തെലുങ്കന്മാര്‍ ഉടനെ NIT യിലേക്ക് വിട്ടു..അവിടെ അവന്മാരുടെ പരിചയക്കാര്‍ ഉണ്ട്..ബുദ്ധി ജീവികള്‍...ഞങ്ങളുടെ പരിചയത്തില്‍ ബുദ്ധി ജീവികള്‍ ഒന്നും ഇല്ല...ഉള്ളത് എല്ലാം ഞങ്ങളെ പോലെ കൂതറകള്‍ മാത്രം... അത് കൊണ്ട് ഞങ്ങള്‍ നേരെ ഹോസ്റ്റല്‍ ലേക്ക് പോന്നു...അവിടെ ചെന്നിട്ടു എന്തൊക്കെ വേറെ എന്തൊക്കെ പണി ഉള്ളതാ....!


ഹോസ്റ്റല്‍ ഇല്‍ കമ്പ്യൂട്ടര്‍ കൊണ്ട് വന്നിട്ടുണ്ട്...ഹോം തീയേറ്റര്‍ ഒന്ന് സെറ്റ് അപ്പ്‌ ചെയ്യണം...
"ഇന്നലെ ജുറാസിക് പാര്‍ക്ക്‌ കണ്ടിട്ട്  ഒരു എഫക്റ്റ്‌ പോരായിരുന്നു... ദിനോസര്‍ അലറുന്നത് കേട്ടിട്ട് ഒന്നും അങ്ങോട്ട്‌ ഒരു സുഖം തോന്നുനില്ല..." ഹരി..
"ശരിയാ...നമ്മുടെ സൌണ്ട് സിസ്റ്റം ഒന്ന് കൂടെ നന്നാവാനുണ്ട്..."


ഞങ്ങള്‍ മലയാളികള്‍ വേഗം അത് കിടിലം ആക്കാന്‍ ഉള്ള ശ്രമം ആരംഭിച്ചു....ഭിത്തിയില്‍ പല ഭാഗങ്ങളിലായി ആണി അടിച്ച്‌...വയറുകള്‍ ഒക്കെ കണക്ട് ചെയ്തു.....സ്പീക്കര്‍ നാലെണ്ണം ഫിറ്റ്‌ ചെയ്തു....ഇപ്പൊ ഏതാണ്ട് സെറ്റ് അപ്പ്‌ ആയി...അപ്പോളേക്കും NIT യില്‍ കണ്സല്റ്റ് ചെയ്യാന്‍ പോയ തെലുങ്കന്മാര്‍ ഒക്കെ തിരിച്ചു എത്തി...ഞങ്ങളുടെ സെറ്റ് അപ്പ്‌ കണ്ടു അവന്മാര്‍ അന്തം വിട്ടു...അവന്മാര്‍ assignment ചെയ്യാന്‍ ഉള്ള മാര്‍ഗങ്ങള്‍ ഒക്കെ കണ്ടു പിടിച്ചിട്ട് ആണ് വന്നിരിക്കുന്നത്..."assignment ചെയ്യാന്‍ കൂടുന്നോ?" അവന്മാര്‍ ചോദിച്ചു...പിന്നെ..ഓണത്തിന്റെ ഇടയ്ക്കാണ് അവന്മാരുടെ ഒരു പുട്ട് കച്ചോടം..."നിങ്ങള്‍ ചെയ്തോ.." ഏക സ്വരത്തില്‍ ഞങ്ങള്‍ അവന്മാരെ പറഞ്ഞു വിട്ടു...


അങ്ങനെ അവന്മാര്‍ അവിടെ assignment ചെയ്യലും ഞങ്ങള്‍ ഇവിടെ  സിനിമ കാണലും തുടങ്ങി... അവരുടെ കൂട്ടത്തില്‍ പണ്ട് ടീച്ചര്‍ ആയിരുന്ന ഒരുത്തന്‍ ഉണ്ട്....അവനാണ് assignment ചെയ്യാന്‍ അവിടെ നേതൃത്വം കൊടുക്കുന്നത്...ഇവിടെ ഞങ്ങള്‍ മലയാളികളുടെ കൂട്ടത്തിലും ഉണ്ട്..പണ്ട് ടീച്ചര്‍ ആയിരുന്ന ഒരുത്തന്‍..! സൌണ്ട് ആന്‍ഡ്‌ ലൈറ്റ് ഒക്കെ അഡ്ജസ്റ്റ് ചെയ്തു .ഇവിടെ സിനിമ കാണലിനു  നേതൃത്വം കൊടുക്കുന്നത് അദ്ദേഹം ആണ്...! തെലുങ്കന്മാരെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...!


സിനിമ ഒരണ്ണം കഴിഞ്ഞു....നല്ല വിശപ്പ്‌..അതൊരു പുതിയ കാര്യം ഒന്നും അല്ല..! ഇനി ഭക്ഷണം കഴിച്ചിട്ട് ആവാം ബാക്കി പരിപാടി എന്ന് ഞങ്ങള്‍ തീരുമാനിച്ചു..ബാക്കി പരിപാടി എന്ന് പറയുമ്പോ ആരും തെറ്റി ധരിക്കരുത്...assignment ചെയ്യല്‍ ഒന്നും അല്ല...രണ്ടു സിനിമ കൂടെ കണ്ടു തീര്‍ക്കാനുള്ളതാണ്...! അങ്ങനെ ഞങ്ങള്‍ കാട്ടങ്ങല്‍ ടൌണ്‍ ഇല്‍ പോയി അമേരിക്കന്‍ ചോപ്സിയും കേരളത്തിന്റെ ദേശീയ ഭക്ഷണം ആയ പൊറോട്ടയും ..പിന്നെ ജ്യുസും ഒക്കെ കഴിച്ചു ..ഏമ്പക്കവും വിട്ടു ഹോസ്റ്റലില്‍ തിരിച്ചു എത്തി...പാവം തെലുങ്കന്മാര്‍ അപ്പോളും ഭക്ഷണം പോലും കഴിക്കാതെ assignment ചെയ്യല്‍  ആണ്...പുവര്‍ ഫെല്ലോസ്..! ഫുഡ്‌ അടിച്ചതിന്റെ കനം കൊണ്ട് ഉറക്കം വരുന്നുണ്ട്...കിടന്നു ഉറങ്ങിയാലോ? പാടില്ല.... കര്‍ത്തവ്യ ബോധം ഉള്ളവരാണ് ഞങ്ങള്‍....അങ്ങനെ വീണ്ടും സിനിമ തുടങ്ങി...ഇടയ്ക്ക് തെലുങ്കന്മാര്‍ വന്നു പറയും.."ശബ്ദം ഇത്തിരി കുറയ്ക്കാമോ?"...പാവങ്ങള്‍...! രാത്രി ഒന്ന് ഒന്നരയോടെ സിനിമ കണ്ടു സന്തുഷ്ടര്‍ ആയി ഞങ്ങളും assignment  ശരി ആവുമോ എന്നാ പേടിയോടെ തെലുങ്കന്മാരും  ഉറങ്ങി...!


നേരം വെളുത്തു.... സൂര്യനു വേറെ പണി ഒന്നും ഇല്ല.. ആറു ആറര ആവുമ്പോലെക്കും ലൈറ്റ് ഉം അടിച്ച്‌ കൊണ്ട് വന്നോളും..! മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കാതെ.! ഈ സൂര്യന് രണ്ടു ദിവസം കാഷ്വല്‍   ലീവ് എടുത്താല്‍ എന്താ? ചിലപ്പോ പുള്ളിയുടെ ബോസ്സ് കലിപ്പിക്കും ആയിരിക്കും...! അങ്ങനെ ഞങ്ങള്‍ പഠനം എന്ന പേരും പറഞ്ഞു കയറി ഇറങ്ങുന്ന സ്ഥലത്തേക്ക് തിരിച്ചു..പോവുന്ന വഴിയില്‍ assignment  കോപ്പി അടിക്കാന്‍ ഉള്ള പേപ്പര്‍ വാങ്ങാന്‍ മറന്നില്ല..തെലുങ്കന്മാര്‍ക്ക് കാണിച്ചു തരാന്‍ പറഞ്ഞപ്പോ ആദ്യം ഒക്കെ ഒരു മടി..ഞങ്ങള്‍ കഷ്ടപ്പെട്ടു  ചെയ്തതല്ലേ....എന്ന ഭാവം..അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...കുത്തിനു പിടിച്ചു മേടിച്ചു.. കണ്ണൂര്‍ കാരോടാണോ അവന്റെ ഒക്കെ കളി?


ക്ലാസ്സ്‌ തുടങ്ങി....അരം അരം കിന്നരം എന്ന സിനിമയില്‍ ജഗതി പറയുന്നുണ്ട്.. " നാല് നട്ടും ഒരു മുഴം കയറും കൊണ്ടാണ് ഞാന്‍ ഈ കാര്‍ ഓടിക്കുന്നത് "  എന്ന പോലെ " നാല് പവര്‍ പൊയന്റും ഒരു കമ്പ്യൂട്ടറും കൊണ്ട്   ക്ലാസ്സ്‌ എടുക്കാം .." എന്ന് തെളിയിച്ച  സാര്‍ ആണ് രാവിലെ ക്ലാസ്സ്‌.....ക്ലാസ്സ്‌ ഒക്കെ അതിന്റെ വഴിക്ക് നടക്കുന്നുണ്ട്...ഞങ്ങള്‍ ബാക്ക് റോവില്‍ ഇരുന്നു തകൃതിയായി assignment പകര്‍ത്തി എഴുതുന്നു....എന്തു ഏത്..എങ്ങനെ എന്നൊന്നും അറിയില്ല......ക്ലാസ്സ്‌ കഴിഞ്ഞപ്പോളെക്കും assignment പകര്‍ത്തി എഴുതലും കഴിഞ്ഞു.....! ഉച്ച ആയപ്പോളേക്കും ഞങ്ങളും assignment  സബ് മിറ്റ് ചെയ്തു... ഞങ്ങള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു..!


പിറ്റേന്ന് ജോണ്‍ സാര്‍ കലി തുള്ളി വന്നു....എല്ലാവനും കോപ്പി അടിച്ചു എന്ന് പുള്ളിക്ക് മനസിലായി.. എല്ലാവനും നേരിട്ട് വന്നു ഇത് എങ്ങനെ ചെയ്തു എന്ന് വിശദീകരിച്ചു കൊടുക്കണം എന്നും പറഞ്ഞു പോയി..  എല്ലാവനും പേടിച്ചു...പഠനം തുടങ്ങി...സാര്‍ ഓരോരുത്തരെ ആയി വിളിച്ചു തുടങ്ങി... തെലുങ്കന്മാര്‍ ഒക്കെ ആദ്യമേ പോയി....എല്ലാവരെയും ജോണ്‍ സാര്‍ കടിച്ചു കീറി...ഇനി മേലാല്‍ ഇങ്ങനെ കാണിക്കരുത് എന്നൊക്കെ താക്കീത് ചെയ്തു....അവന്മാര്‍ ഒക്കെ പേടിച്ചു വിറച്ചു...ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ബെര്‍ലിയും കാനുവും പോയി... അവന്മാര്‍ എന്തൊക്കെയോ പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു എന്നാ തോന്നുന്നത്....ഇനി പോവാന്‍ ബാക്കി   ഉള്ളത് രണ്ടു മഹാരഥന്‍മാര്‍ ..ഞാനും ഹരിയും..!


ഞാന്‍ ആദ്യം പോയി...സാര്‍ എന്റെ പേപ്പര്‍ എടുത്തു കാണിച്ചു....കുറേ ചോദ്യങ്ങള്‍.."ഈ ഉത്തരം എങ്ങനെ കിട്ടി..? ഇത് എന്ത് കൊണ്ട് ഇങ്ങനെ? അത് എന്ത് കൊണ്ട് അങ്ങനെ..?" ഞാന്‍ രാഹുല്‍ ദ്രാവിഡ്‌ ശോഹയ്ബ് അക്തര്‍ നെ നേരിടുന്ന പോലെ ആണ് പരിപാടി...ശോഹയ്ബ് അക്തര്‍ ഒരു കിലോമീറ്റര്‍ ഓടി വന്നു 150 കിലോമീറ്റര്‍ സ്പീഡില്‍ ബൌള്‍ ചെയ്യും..ദ്രാവിഡ്‌ അത് ബാറ്റ്  കൊണ്ട് മെല്ലെ മുട്ടി ക്രീസില്‍ തന്നെ ഇടും..അക്തര്‍നു പ്രാന്ത് പിടിക്കും ... ഹര്‍ഭജന്‍  സിക്സ്   അടിച്ചാല്‍ പോലും അക്തര്നു ദേഷ്യം ആണ് വരുക..ഇത് പോലെ പ്രാന്ത് പിടിക്കില്ല...ഏതാണ്ട് ഇത് പോലെ ആണ് ഞങ്ങളുടെ അഭിമുഖവും...ചിന്തിച്ചു  ചിന്തിച്ചു  സാര്‍ ഓരോ ചോദ്യങ്ങള്‍ ചോദിക്കും..മിക്ക  ചോദ്യങ്ങള്‍ക്കും എനിക്ക് ഉത്തരം ഇല്ല..ഇടയ്ക്കിടയ്ക്ക് എന്റെ ട്രേഡ് മാര്‍ക്ക്‌ ആയ  ഓരോ ആന മണ്ടത്തരങ്ങളും... സാറിനു പ്രാന്ത് പിടിച്ചു തുടങ്ങി....."ഇവനെ ഒക്കെ ഞാന്‍ എന്ത് ചെയ്യും എന്റെ കര്‍ത്താവെ" എന്ന് സാറിനു തോന്നി തുടങ്ങി കാണും..അത് കൊണ്ട് എന്നെ മാത്രം വഴക്ക് ഒന്നും പറഞ്ഞില്ല.വട്ട്  ആയി തല ചൊറിഞ്ഞ് സാര്‍ എന്നോട് വേഗം സ്ഥലം വിട്ടോ  എന്ന് പറഞ്ഞു...


ഞാന്‍ ഇറങ്ങുമ്പോ ഹരി കയറാന്‍ റെഡി ആയി നില്‍പ്പുണ്ട്.." എങ്ങനെ ഉണ്ടെട?" " കുഴപ്പം ഒന്നും ഇല്ല... സാര്‍ വെറും പാവം.. എല്ലാവനും നമ്മളെ പറഞ്ഞു പേടിപ്പിച്ചതാ... നീ ധൈര്യമായി ചെല്ല്..." മണ്ടത്തരത്തിന്റെ കാര്യത്തില്‍ ഞാന്‍ പുലി ആണ് എങ്കില്‍ ഹരി ചീറ്റപ്പുലി ആണ്....ചീറ്റപ്പുലി സിംഹത്തിനെ നേരിടാന്‍ അകത്ത് കയറി...അകത്തു നടന്നത് എന്താണ് എന്ന് എനിക്ക് വ്യക്തമായി അറിയില്ല.....എങ്കിലും അവന്‍ പറഞ്ഞു കുറച്ചു കാര്യങ്ങള്‍..." ഡാ ബൈ പാസ്‌ കാപസിറ്റൊര്‍ എന്തിനാണ് എന്ന് അങ്ങേരു ചോദിച്ചു...ഞാന്‍ പറഞ്ഞു കറന്റ്‌  വോള്‍ടൈജ്   ഒക്കെ ഒരുപാട്  കൂടുതല്‍ വന്നു കഴിയുമ്പോ അതിനു ശരിക്ക് പോവേണ്ട വഴിയില്‍ പോവാന്‍ ബുദ്ധിമുട്ട് ആവും..ഈ ട്രാഫിക്‌ ജാം ഒക്കെ വരുമ്പോ ചാക്ക ബൈ പാസില്‍ ചെയ്യുന്ന  പോലെ.. . അപ്പൊ കറന്റ്‌ നും വോള്‍ടൈജ് നും  കയറി പോവാന്‍ വേണ്ടി  ഉള്ളതാണ് ബൈ പാസ്‌ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്...ഞാന്‍ എല്ലാം ഇത് പോലെ  കൃത്യം കൃത്യം ആയി തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ട്‌..സാര്ന്റെ എല്ലാ സംശയവും തീര്‍ന്നു..." ബൈ പാസ്‌ കാപസിറ്റൊര്‍ എന്തിനു എന്നൊന്നും എനിക്കും അറിഞ്ഞൂടാ...ചിലപ്പോ ഇതായിരിക്കും ശരി എന്ന് ഞാനും വിശ്വസിച്ചു..


assignment  കോപ്പി അടിച്ചത് വന്‍ പ്രശ്നം ആവും എന്ന് പാവം തെലുങ്കന്മാര്‍ ഒക്കെ പേടിച്ചു..മാര്‍ക്ക്‌ കുറയുമോ ...? ക്ലാസില്‍ കയറേണ്ട എന്ന് പറയുമോ?(ഒന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹം ഞങ്ങള്‍ക്ക് ഇല്ലാതില്ല!) ഞങ്ങള്‍ക്ക് ഏതായാലും പേടി ഒന്നും ഇല്ല...പക്ഷെ  ആരും  പ്രതീക്ഷിക്കാത്ത  കാര്യം   ആണ് ഒടുവില്‍ സംഭവിച്ചത് ...


ജോണ്‍ സാര്‍ assignment കൊടുക്കല്‍ അതോടെ നിറുത്തി...! ഇനി ഒരെണ്ണം കൂടെ തന്നു ഞങ്ങളുടെ മണ്ടത്തരങ്ങള്‍ കേള്‍ക്കാന്‍ ഉള്ള ത്രാണി ഇല്ലായിരുന്നു പാവം സാറിന്..!



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ