ആകെ പേജ്‌കാഴ്‌ചകള്‍

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കല്യാണ ഉണ്ണികള്‍..ഒരു ബിരിയാണി കഥ..!


എഞ്ചിനീയറിംഗ് പഠനം തുടങ്ങി ആദ്യ വര്‍ഷം എന്റെ താമസം മേമുണ്ട എന്ന് പറയുന്ന സ്ഥലത്ത് ആയിരുന്നു..എങ്ങനെ അവിടെ എത്തി പെട്ടു എന്നൊന്നും ചോദിക്കരുത്..എങ്ങനെയോ അവിടെ എത്തി..അവിടെ ഒരു മദ്രസ ഉണ്ട്..പണ്ട് എന്തോ റെസിട്യന്‍ഷ്ല്‍ സ്കൂള്‍ ആയിരുന്നു പോലും അത്..കിടിലം സ്കൂള്‍ ആയിരുന്നത് കൊണ്ട് വല്യ താമസം ഇല്ലാണ്ട് പൂട്ടി കിട്ടി..അവിടുത്തെ മിടുക്കന്മാര്‍ ആയ പൂര്‍വ വിദ്യാര്‍ഥികള്‍ മീന്‍ കച്ചോടം..ചായക്കട ...കപ്പലണ്ടി കച്ചോടം ..ഒക്കെ നടത്തി ചുറ്റുവട്ടത്ത് തന്നെ ഉണ്ട്... അവിടുത്തെ റാങ്ക് ഹോള്‍ഡ്‌ര്‍മാര്‍ വായില്‍ നോട്ടം, ഗുസ്തി ഒക്കെ സ്പെഷ്യലൈസു ചെയ്തു ഇപ്പൊ വല്യ നിലയില്‍ ആണ്..

സ്കൂള്‍ പൂട്ടിയത് കൊണ്ട് കുറേ മുറികള്‍ കാലി ആയി കിടക്കുന്നു..ഞങ്ങളെ പോലെ ഉള്ള വല്ല ലവന്മാര്‍ക്കും വാടകയ്ക്ക് കൊടുത്താല്‍ അവിടുത്തെ എലികള്‍ക്കും പറ്റായ്ക്കും  ഒരു കൂട്ട്  ആവും ..അവര്‍ക്ക്  ഇത്തിരി  ചിക്കിലിയും തടയും . ..അത് കൊണ്ടാണ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്..ഒരു മുറിയില്‍ മൂന്നു പേര്..അതാണ്‌ കണക്ക്..!മാസം 250 ഉറുപ്പിക വാടക.. അങ്ങനെ ഞാനും ലെനീഷും Mr . അരുണ്‍ ശ്യാം കല്ലേരികരയും കൂടെ ഒരു മുറിയില്‍ ആണ് താമസം.

തൊട്ടു അടുത്ത് തന്നെ ശങ്കരേട്ടന്റെ പുട്ട് കട ഉണ്ട്..മൂപ്പര് രാവിലെ 5 മണിക്കേ കട തുറക്കും..കടയില്‍ ഉള്ള ഏക വിഭവം പുട്ട് ആണ്..പിന്നെ ഒരു ചെറു പയര്‍ കറിയും..പപ്പടവും..ഉച്ചയോടെ മൂപ്പര് കട പൂട്ടും.. ഞങ്ങളെ പോലെ ഉള്ള "അവിഞ്ഞ മോന്തയും രണ്ടു പറ അരിയുടെ ചോറ് തിന്നാന്‍ ഉള്ള വയറും ഉള്ള വല്യ ക്യാഷ്  ടീം ഒന്നും അല്ലാത്തവരുടെ" വിശ്വസ്തത സ്ഥാപനം അന്ന് ശങ്കരേട്ടന്റെ പുട്ട് കട..10 രൂപയ്ക്ക് രണ്ട് വലിയ കഷണം പുട്ടും കറിയും ചായയും കിട്ടും..അതോടെ രാവിലത്തെ ഭക്ഷണം കുശാല്‍..പിന്നെ ക്ലാസില്‍ ഒന്ന് ചെന്ന് കിട്ടുകയെ വേണ്ടു..ഉറങ്ങാന്‍..നല്ല മഴ ഒക്കെ ഉള്ള ദിവസം ആണെങ്കില്‍ ചിലപ്പോ ഞാന്‍ കോളേജ് വരെ പോവാന്‍ മിനക്കെടാറില്ല..റൂമില്‍ തന്നെ കിടന്നു ഉറങ്ങിയാല്‍ പോരെ? വണ്ടിക്കൂലിയും ലാഭം !

രാത്രി ഭക്ഷണം പലപ്പോഴും അക്കാലത്തു ഒരു പ്രശ്നം ആയിരുന്നു..കാരണം രാത്രി ശങ്കരേട്ടന്റെ പുട്ട് കട ഇല്ല..നാടക സംവിധായകന്‍ വിനോദന്‍ നടത്തുന്ന  കൃഷ്ണ ഹോട്ടല്‍ ഉണ്ട്..വല്ല ചപ്പാത്തി..കടല ഫ്രൈ ഒക്കെ കിട്ടും അവിടെ ..എന്നാലും ഞങ്ങള്‍ക്ക് അത് അത്ര തൃപ്തി പോര..!

താമസം തുടങ്ങി  കുറച്ചു ദിവസം ആയപ്പോള്‍ ആണ് മേമുണ്ട നിവാസിയും തലശേരി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഞങ്ങളുടെ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി എത്തിയ Mr  സുധി രവീന്ദ്രന്‍ ഞങ്ങളെ കാണുന്നത്..അദ്ദേഹം ഒരു എഞ്ചിനീയറിംഗ്  വിദ്യാര്‍ഥി എന്നതിലുപരി ഒരു സ്പോര്‍ട്സ് താരം കൂടെ ആണ്...പ്രശസ്തം ആയ മേമുണ്ട ബൌണ്‍സ്ര്‍ ക്രിക്കറ്റ്‌ ക്ലബ്‌ ന്റെ ഒപെനിംഗ് ഫാസ്റ്റ് ബോളെര്‍ ആണ്....ടീമ്ന്റെ കുന്ത മുന ..! രാത്രി ഭക്ഷണം പ്രശ്നം ആണ് എന്ന് പറഞ്ഞപ്പോ അദ്ദേഹം ഞങ്ങളെ ആശ്വസിപ്പിച്ചു..മേമുണ്ടയില്‍ അതി ഭയങ്കരമായ ഒരു കാസിനോ ഹോട്ടല്‍ ഉണ്ടത്രെ..തല്‍കാലം പൂട്ടി കിടക്കുക ആണ് എന്നെ ഉള്ളു...ബൌണ്‍സ്ര്‍ ക്രിക്കറ്റ്‌ ക്ലബ്‌ അംഗങ്ങള്‍ ഒക്കെ അവിടെ നിന്നു പൊറോട്ടയും ബീഫും അടിച്ചിട്ട് ആണത്രെ മത്സരങ്ങള്‍ക്ക് പോവാറ്....ക്ലബ്‌ ക്യാപ് ട്ന്‍ ബാര്‍ബര്‍ ജോണ്സണ്‍ ഒക്കെ ആ പൊറോട്ടയുടെ എനര്‍ജി കൊണ്ടാണ് പോലും മത്സരങ്ങളില്‍ ബൌണ്‍സ്ര്‍ ക്രിക്കറ്റ്‌ ക്ലബ്‌നെ ഉന്നതങ്ങളിലേക്ക് നയിക്കുന്നത്..

കാസിനോ ഹോട്ടല്‍..കൊള്ളാം..!ഈ പഴയ സിനിമയില്‍ ഒക്കെ ഷമ്മി കപൂര്‍ ഒക്കെ പോയി ഡാന്‍സ് ചെയ്യുന്ന സ്ഥലം കാസിനോ അല്ലെ? അത് പോലെ ഒക്കെ ആവുമോ ഈ കാസിനോ? ഈശ്വരാ കൊതിപ്പിക്കല്ലേ...ഞങ്ങള്‍ പ്രതീക്ഷയോടെ കത്തിരുന്നു മേമുണ്ടയിലെ കാസിനോ തുറക്കാന്‍...ഒടുവില്‍ കാസിനോ തുറന്നു...ഞാന്‍ അന്ന് കഴിച്ചത് പത്തിരി....അതോടെ എന്റെ പൂതി മാറി.. 2 ദിവസം വയറിളക്കം..! എനിക്ക് മാത്രം ആയിരുന്നില്ല . അവിടെ നിന്നു ഭക്ഷണം കഴിച്ച ബാക്കി ഉള്ളവന്മാര്‍ക്കും കിട്ടി പണി...എന്തിനു..എന്ത് വിഴുങ്ങിയാലും വയറിനു ഒരു കുഴപ്പവും വരാത്ത അരുണ്‍ ശ്യാം പോലും ഒന്ന് ഇളകി..കാസിനോ ഫുഡ്‌ കാരണം..അതോടെ ഞങ്ങള്‍ കാസിനോ ഹോട്ടല്‍ മതി ആക്കി..ഇതിനിടെ താമസിക്കുന്ന വീട്ടില്‍ ഉടമസ്ഥന്റെ ശല്യം സഹിക്കാന്‍ വയ്യാതെ പട്ടാമ്പിക്കാരന്‍ രാഹുല്‍ കൂടെ ഞങ്ങളുടെ കൂടെ മേമുണ്ട മദ്രസയില്‍ അഭയം പ്രാപിച്ചിരുന്നു.

പക്ഷെ വീണ്ടും ഒരിക്കല്‍ കൂടെ പോവേണ്ടി വന്നു അവിടെ..ഒരു ദിവസം വേറെ ഒറ്റ ഹോട്ടലും തുറന്നില്ല..ഗത്യന്തരം ഇല്ലാതെ ഞങ്ങള്‍ വീണ്ടും കാസിനോ ഹോട്ടലില്‍ തന്നെ കയറി....
" ചൂട് എടുക്കുന്നു..ഫാന്‍ ഇടെട മാമ...(അരുണ്‍ ശ്യാം ന്റെ വിളിപ്പേര് അതാണ്‌...).." ലെനീഷ് പറഞ്ഞു.. മാമന്‍ അടുത്ത് കണ്ട ഒരു സ്വിച്ച് പിടിച്ചു ഞെക്കി..ഫാന്‍ കറങ്ങിയില്ല.. വേറെ എവിടെയോ ഒരു നീളത്തിലുള്ള ബെല്‍ അടി കേട്ടു "ക്ര്ര്ര്ര്ര്ര്ര്ര്‍" എന്ന്.....അല്പം കഴിഞ്ഞപ്പോ ഒരു വെയിറ്റ്ര്‍  ഇറങ്ങി വന്നു അടുക്കളയില്‍ നിന്നു....മാമനെ നോക്കി ചൂടായി...." വെറുതെ അവിടെയും ഇവിടെയും ഒന്നും പിടിച്ചു ഞെക്കാതെ...എന്തെങ്കിലും വേണം  എങ്കില്‍ ഓര്‍ഡര്‍ചെയ്താല്‍ മതി...കൊണ്ട് തരും.." ഇവനൊക്കെ എവിടുന്നു വരുന്നെട എന്ന സ്റ്റൈലില്‍ ഒരു നോട്ടവും....  ആഹ ..ഇവനൊക്കെ അത്രയ്ക്കായോ? ഞങ്ങളുടെ പൊന്നോമന പുത്രന്‍ മാമനെ തൊട്ടു ആണോ ഇവന്റെ ഒക്കെ കളി?  ഒരു ഭാവി എഞ്ചിനീയര്‍ ആയ മാമനോട് കളിയ്ക്കാന്‍ മാത്രം ഇവനൊക്കെ വളര്‍ന്നോ? അതും ഒരു തുക്കട വെയിറ്റ്ര്‍ .....ഇപ്പൊ ശരി ആക്കി തരാം..അവന്റെ പൊറോട്ട ഒന്ന് വരട്ടെ...

പൊറോട്ട വന്നു...കറിയും...ഞങ്ങള്‍ മെല്ലെ പ്രത്യാക്രമണം തുടങ്ങി..." എന്ത് പൊറോട്ട ആണെടാ ഇത്? റബ്ബര്‍ ഷീറ്റ് അടിച്ച്‌ തന്നിരിക്കുക ആണോ? പൊറോട്ട എന്നും പറഞ്ഞു? ഇന്ന് മുഴുവന്‍ ഇരുന്നു  ചവയ്ക്കണം ഇത് തിന്നണം എങ്കില്‍.." ലെനീഷ്.. " ഈ കോഴി കറി  എന്ന് പറഞ്ഞു കൊണ്ട് വെച്ചിരിക്കുനത്  കോഴി മുളക് വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്തത് ആണോ?.. ഉപ്പും ഇല്ല എരിയും ഇല്ല...വെന്തിട്ടും ഇല്ല..." രാഹുല്‍..."ഇത് മസാല  കറി തന്നെ ആണോ?മല്ലി  പൊടി കലക്കിയത് അല്ലാണ്ട് ഇതില്‍ ഒറ്റ പച്ചക്കറി കഷണം പോലും ഇല്ലല്ലോ  ?" ഞാനും കൂടി ആക്രമണത്തില്‍.. നിരുപദ്രവകാരി ആയ മാമനെ ഉപദ്രവിച്ചവനെ അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോ..എടാ പോടാ വിളികളും ഇത്തിരി സംസാരവും കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു പോന്നു..എഞ്ചിനീയര്‍ മാരുടെ അഭിമാനം സംരക്ഷിച്ച ചാരിതാര്‍ത്യത്തോടെ..

രാത്രി ഭക്ഷണം വീണ്ടും പ്രശ്നം ആയി തുടര്‍ന്നു..കോളേജില്‍ നിന്നു മേമുണ്ട വരെ വരുമ്പോളേക്കും വൈകുന്നേരം 6 ആറര ആവും.. വരുന്ന വഴിയില്‍ എല്ലാം ചിലപ്പോ ഫുള്‍ ലൈറ്റ് ഒക്കെ വച്ചു അലങ്കരിച്ച വീടുകള്‍ കാണാം..കല്യാണ വീടുകള്‍...!നല്ല ബിരിയാണി യുടെ മണവും വരും..ഇതും സഹിച്ചു വേണം ഹോസ്റ്റലില്‍ വന്നു ഉണക്ക ചപ്പാത്തി തിന്നാന്‍..അങ്ങനെ ആണ് ഞങ്ങള്‍ ഒപറേഷന്‍  ബിരിയാണി പ്ലാന്‍ ചെയ്തത്..ടൌണില്‍ താമസിക്കുന്ന ഞങ്ങളുടെ ക്ലാസ്സ്‌ മേറ്റ്സ്   ഇത് പല തവണ വിജയകരം ആയി പരീക്ഷിച്ചിട്ടുണ്ട്..

ടൌണില്‍ കൃഷ്ണ കൃപ ഓടിട്ടോരിയം ഉണ്ട്...എല്ലാ ദിവസവും കാണും കല്യാണം അല്ലെങ്കില്‍ റിസെപ്ഷന്‍ ..അവന്മാര്‍ മെല്ലെ അവിടെ കയറി പറ്റും..ബിരിയാണി..പായസം..ഐസ് ക്രീം എല്ലാം തട്ടി വിടും..ആരും അറിയില്ല..എന്ത് കൊണ്ട്  ഈ വിദ്യ ഞങ്ങള്‍ക്ക് പരീക്ഷിച്ചു കൂടാ? അങ്ങനെ ഒരു ദിവസം ഞങ്ങള്‍ രണ്ടും കല്പിച്ചു ഈ രംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചു..

മാമന്‍ വരുന്നില്ല..അവനു "ഭൈരവന്റെ തുടി " എന്ന കവിത സമാഹാരം  വായിക്കണം  പോലും.. വന്ന കാലം മുതല്‍ തുറന്നു വച്ചു ഇരിക്കാന്‍ തുടങ്ങിയതാണ്‌ ഇത്..ഇത് വരെ തീര്‍ന്നില്ലേ? വരുന്നില്ല എങ്കില്‍ നീ വരേണ്ട.. നീ ഇന്നും ഉണക്ക ചപ്പാത്തി തന്നെ തിന്നോ..ഞങ്ങള്‍ പോണു.

അങ്ങനെ ഒപറേഷന്‍ ബിരിയാണി ആരംഭിച്ചു...യുണിഫോറം ഉടുപ്പ് മാറ്റി കയ്യില്‍ ഉള്ള കൊള്ളാവുന്ന കുപ്പായം ധരിച്ചു..ഒന്നും ഇല്ലെങ്കിലും ഒരു കല്യാണ വീടല്ലേ..ഒരു ടവല്‍ ഒക്കെ എടുത്തു..ആവശ്യം വന്നാല്‍ എടുത്തു തലയില്‍ കെട്ടാന്‍..കാരണം ഞങ്ങള്‍ നോക്കി വെച്ചിരിക്കുന്ന വീട് ഒരു മുസ്ലിം വീട് ആണ് എന്ന് തോന്നുന്നു...

ജീപ്പില്‍ കയറി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി നടന്നു..വീട് എത്തി...നിറയെ തൊപ്പി വെച്ച ആള്‍ക്കാര്‍ ആണ്..ടവല്‍ എടുത്ത് ഏതായാലും നന്നായി..അതൊക്കെ തലയില്‍ കെട്ടി ഞങ്ങളും അവരുടെ കൂടെ കൂടി....
" ഷുക്കൂര്‍  ഏ ..അന്റെ ദുബായിലെ ബിസിനസ്‌ ഒക്കെ എങ്ങനെ പോവുന്നു?..ഇഞ്ഞി പുയപ്ലെനെ കണ്ടോ? മൂത്താപ്പാന്റെ സൂക്കേട്‌ കുറവുണ്ടോ?" എന്നൊക്കെ തമ്മില്‍ തമ്മില്‍ ഡയലോഗ് അടിച്ച്‌ ഞങ്ങളും അവരുടെ കൂടെ കൂടി......ബിരിയാണിയുടെ മണം മൂക്കില്‍ തുളച്ചു കയറുന്നു...ഇത്തിരി വേഷം കെട്ടിയാലും എന്താ...ഇന്ന് ഏതായാലും ഉണക്ക ചപ്പാത്തി കഴിക്കെണ്ടല്ലോ..ഈ വൃത്തികെട്ടവന്മാര് ഇത് വരെ തീറ്റി തുടങ്ങാത്തത് എന്താണോ ആവോ? വിശന്നു മനുഷ്യന്റെ കുടല് കരിയുന്നു..സമയം 9 ആയി.. ഇവന്മാര്‍ക്ക് ഒന്നും വിശപ്പും ദാഹവും ഒന്നും ഇല്ലേ ?

ഒടുവില്‍ ഇതാ..കാത്തു കാത്തിരുന്നു...ബിരിയാണി വരവായി...എല്ലാവരും തീറ്റ തുടങ്ങാന്‍ ഉള്ള പരിപാടിയില്‍ ആണ്...ആദ്യം കണ്ട മേശയില്‍ തന്നെ ഞങ്ങളും സ്ഥാനം പിടിച്ചു..ചൂടോടെ തട്ടാന്‍ ഉള്ളതാണ്..! 10 -12 പേര് ഉണ്ട് മേശയ്ക്ക് ചുറ്റും..താടി ഉള്ളവരും ..ഇല്ലതവന്മാരും...അങ്ങനെ കുറേ എണ്ണം..

ബിരിയാണി മാത്രം ഇത് വരെ എത്തിയില്ല..വേറെ എന്തോ പായസം പോലത്തെ ഒരു കുന്തം വന്നു..കൂടെ പഞ്ചസാരയും..എല്ലാവന്മാരും അത് കഴിക്കാന്‍ തുടങ്ങി...ഇതെന്താ ബിരിയാണി ഇല്ലേ? ആളെ പറ്റിക്കുക ആണോ? " അല്ല ഇങ്ങള് അലസ കഴിക്കുന്നില്ലേ?" കൂട്ടത്തില്‍  ഒരു താടിക്കാരന്‍..." ഇതൊക്കെ നീ തന്നെ തിന്നോ..ഞങ്ങള്‍ ബിരിയാണി തിന്നാന്‍ വന്നതാ..."മനസ്സില്‍ പറഞ്ഞതെ ഉള്ളു..

ഹാവൂ ബിരിയാണി അടുത്തുള്ള മേശകളില്‍ ഒക്കെ എത്തി തുടങ്ങി..മണം  അടിച്ചിട്ട് വായില്‍ വെള്ളം ഒലിക്കുന്നു..." പക്ഷെ കൂട്ടത്തില്‍ ഉള്ള ലെനീഷിന്റെ മുഖത്ത്‌ പെട്ടെന്ന് ഒരു ഭാവ മാറ്റം..തലയില്‍ കെട്ടിയിരിക്കുന്ന ടവല്‍ ഇത്തിരി താഴ്ത്തി മുഖത്തേക്ക് മാറ്റി അവന്‍...ഞാന്‍ രാഹുലിനോട് ചോദിച്ചു..    "എടാ നമ്മള്‍ വഴക്ക് ഉണ്ടാക്കിയ ഹോട്ടല്‍ ലെ വെയിറ്റ്ര്‍ക്ക് ഇട്ടു രണ്ടെണ്ണം കൊടുക്കേണ്ടതായിരുന്നു അല്ലെ? നമ്മുടെ മാമനെ അപമാനിച്ചിവന്‍..നിനക്ക് ഓര്‍മ ഇല്ലേ?"
 "ശരിയാ എനിക്കും തോന്നി...അഹങ്കാരി.. ഇനി അവനെ ഒന്ന്  കാണട്ടെ..." രാഹുല്‍........
സൈഡ് ലൂടെ ലെനീഷ് മെല്ലെ തോണ്ടി.." അവനെ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഇനി കാണണോ?..... ദാ ആ ബിരിയാണി വിളമ്പാന്‍ വരുന്നത് ആരാ എന്ന് ഒന്ന് സൂക്ഷിച്ചു നോക്ക്.." ഞങ്ങള്‍ രണ്ടാളും അങ്ങോട്ട്‌ നോക്കി..!

പടച്ച തമ്പുരാനെ ഇത് ആ കാലമാടന്‍ തന്നെ ആണല്ലോ...!പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു...അലസ കഴിച്ചു കഴിഞ്ഞു താടിക്കാര്‍ തല പൊക്കി നോക്കിയപ്പോള്‍ മുന്നില്‍ മൂന്ന് കസേര കാലി.. !

തിരിച്ചു മേമുണ്ട പോവാന്‍ .ജീപ്പില്‍ ഇരിക്കുമ്പോ ഡ്രൈവര്‍ ചോദിച്ചു "ഇങ്ങള്‍ എന്താ മക്കളെ ഇങ്ങനെ കിതയ്കുന്നെ? ".ജീപ്പിലെ പാട്ട് പെട്ടി അതിടയില്‍ പാടുന്നുണ്ട്..." എന്തെല്ലാം എന്തെല്ലാം മോഹങ്ങള്‍ ആണെന്നോ...എന്തെല്ലാം എന്തെല്ലാം ആശകള്‍ ആണെന്നോ.." കിതപ്പിനിടയില്‍ ചോദിച്ചു.." ചേട്ടാ വേറെ പാട്ട് ഒന്നും ഇല്ലേ?".
."ഓ ഇങ്ങക്ക് പഴയ പാട്ട് ആണ് അല്ലെ ഇഷ്ടം.?ഞാന്‍ ഇപ്പൊ വച്ചു തരാം.." ഡ്രൈവര്‍ വേറെ പാട്ട് വച്ചു..."നഷ്ട സ്വപ്നങ്ങളെ....നിങ്ങള്‍ എനിക്കൊരു..." നാശം പിടിക്കാന്‍...! ഇന്ന് ആരെ ആണോവോ കണി കണ്ടത്?

തിരിച്ചു മേമുണ്ട എത്തിയപ്പോളെക്കും ഹോട്ടല്‍ എല്ലാം പൂട്ടിയിരുന്നു...ഇനി ഇപ്പൊ വായൂ ഭക്ഷണം..പിന്നെ വെള്ളം..ഭൈരവന്റെ തുടിയും വായിച്ചു കൊണ്ട് പാര്‍സല്‍ ആയി വാങ്ങിയ ചപ്പാത്തി കടിച്ചു പറിക്കുന്നതിന്റെ ഇടയില്‍ മാമന്‍ ചോദിച്ചു.." എങ്ങനെ ഉണ്ടായിരുന്നു ബിരിയാണി..?"
 "ഗംഭീരം ...ഇത് പോലെ ഒരു ബിരിയാണി അടുത്ത കാലത്ത് ഒന്നും കഴിച്ചിട്ടില്ല.. അല്ലെ രാഹുലെ? " ഞാന്‍.

ഈശ്വരാ ...ആ ഉണക്ക ചപ്പാത്തിയുടെ ഒരു പീസ് എങ്കിലും കിട്ടിയിരുന്നെങ്കില്‍.....രാത്രി തലയണ കടിച്ചു കീറാതെ കഴിക്കാമായിരുന്നു.....






5 അഭിപ്രായങ്ങൾ:

  1. കൊള്ളാം!! സൂപ്രായിടുണ്ട്...ബഷീര്‍ കഥയൊക്കെ വായിക്കുന്ന അനുഭൂതി.

    മറുപടിഇല്ലാതാക്കൂ
  2. nannayittund.... orthirikkan nalla rasam alle.. she.. annu parichayappettirinnunekil enthenkilum vazhi undakkamayirunnu

    by oru memunda swadheshi..

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2011, ഡിസംബർ 9 8:41 PM

    നല്ല എഴുത്ത്, കുറെ ചിരിച്ചു... വീണ്ടും വീണ്ടും എഴുതൂ ......

    മറുപടിഇല്ലാതാക്കൂ