ആകെ പേജ്‌കാഴ്‌ചകള്‍

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

മൊബൈല്‍ ഫോണ്‍...

മൊബൈല്‍ ഫോണ്‍ എന്ന കുന്ത്രാണ്ടം  ഞാന്‍ വാങ്ങുന്നത് M ടെക് നു പഠിക്കുമ്പോള്‍(??) ആണ്..

ബി ടെക് പഠിക്കുന്ന കാലത്ത് തന്നെ ഇത് അവതരിച്ചിരുന്നു  എങ്കിലും അന്ന് അത് ഒരു ആഡംബര  വസ്തു ആയിരുന്നു.കാഷ് ടീംസ് ഒക്കെ അന്നേ സ്വര്‍ണ മാല , കൂളിംഗ്‌ ഗ്ലാസ്‌ ഇതിന്റെ ഒക്കെ കൂടെ ..ഇതും കൊണ്ട് നടക്കുന്നുണ്ട്..  അന്നൊക്കെ എന്നെ വീട്ടുകാര്‍ വിളിക്കുക അടുത്ത വീട്ടിലെ രാഘവ കുറുപ്പ് ഏട്ടന്റെ വീട്ടില്‍ ആണ്..രാത്രി 9 ഒമ്പത് അര ആവുമ്പോ ഫോണ്‍ വരും അവിടെ...അമ്മ ആണ് വിളിക്കുക..അവിടുത്തെ ആന്റി ഉമ്മറത്ത് വന്നു നീട്ടി വിളിക്കും.."രാജേഷേ...."..ഞാന്‍ അപ്പോളേക്കും കളരി, ഭക്ഷണം ഒക്കെ കഴിഞ്ഞു കസേര കോലായില്‍ ഇട്ടു പഠിക്കുന്നു എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ഉള്ള ഇരുപ്പ് തുടങ്ങിയിട്ടുണ്ടാവും.ആന്റി നോക്കുമ്പോ ഞാന്‍ ബുക്ക്‌ ഒക്കെ ആയി ഇരിക്കുന്നത് കാണും..ഞാന്‍ എത്തുന്നതിനു മുന്നേ അമ്മയോട് സംസാരിക്കും.." അവന്‍ അവിടെ ഭയങ്കരമായി പഠിച്ചു കൊണ്ടിരിക്കുക ആണ്..."

M ടെക് സമയത്ത് ഇങ്ങനെ ഉള്ള സംവിധാനം ഒന്നും ഇല്ല..അത് കൊണ്ട്  ഞാനും വാങ്ങി ഒരു മൊബൈല്‍..അന്ന് ഞാന്‍ അഴകിയ രാവണനില്‍ മമ്മൂട്ടി പറേണ പോലെ " വേദനിക്കുന്ന ലക്ഷ പ്രഭു " ഒന്നും ആയിട്ടില്ല..അത് കൊണ്ട് ഒരു സാദാ ഫോണ്‍ മേടിച്ചു..( ഇപ്പൊ ഒരു ഐ ഫോണ്‍ മേടിച്ചാലോ എന്നൊക്കെ ആലോചിച്ചു  തുടങ്ങിയിട്ടുണ്ട്..ജാഡ കുറയ്ക്കേണ്ട...)    എയര്‍ടെല്‍ സിം  ഉം എടുത്തു...മിസ്‌ കാള്‍ അടിക്കാനും." മിസ്സ്‌ u  ഡാ...., പോടാ...വാടാ.." എന്ന് sms  ചെയ്യാനും ഒന്നും എനിക്ക് ആരും ഇല്ല...അത് കൊണ്ട് മിക്കവാറും ഫോണ്‍ വിശ്രമത്തില്‍ ആയിരിക്കും..വല്ലപ്പോഴും വീട്ടില്‍ നിന്നു വിളിക്കും..അത്ര തന്നെ..പിന്നെ വിളിക്കുന്നത് എയര്‍ടെല്‍ കാര്... എടാ ദരിദ്രവാസി വല്ലപ്പോഴും ഇതൊന്നു റീ ചാര്‍ജ് ചെയ്തൂടെ എന്ന് ചോദിയ്ക്കാന്‍..!

ഈ കുന്തം റേഡിയേഷന്‍ ഉണ്ടാക്കും എന്നൊക്കെ അതിബുദ്ധിമാന്‍ ആയ എനിക്ക് അറിയാം..അപ്പൊ ഇവനെ പാന്റ്സ്ന്റെയും ഷര്‍ട്ട്‌ന്റെയും കീശയില്‍ വെച്ചാല്‍ ശരി ആവില്ല...അത് കൊണ്ട് ക്ലാസ്സില്‍ പോവുമ്പോ കപ്പലണ്ടി മുട്ടായി  ഇട്ടു വെക്കാന്‍ കൊണ്ട് പോവുന്ന ബാഗില്‍ ആണ് ഞാന്‍ ഇവനെ പ്രതിഷ്ട്ടിച്ചത്..

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു വൈകുന്നേരം  ഞാന്‍ നാല് നാലരയോടെ കാട്ടങ്ങ്ല്‍ ടൌണ്‍ ലേക്ക് ഇറങ്ങി.. ബാക്കി ഉള്ളവന്മാര്‍ ക്ലാസ്സ്‌ കഴിഞ്ഞു നേരെ ഹോസ്റ്റല്‍ ഇല്‍ പോയി.... ഉറങ്ങാന്‍ ! വയറു നിറഞ്ഞിട്ടാവം ഉറക്കം എന്ന് വിചാരിച്ചു ആണ് ഞാന്‍ നേരെ പോവഞ്ഞേ..! അതും അല്ല രാത്രി കഴിക്കാന്‍ ഉള്ള ഭക്ഷണം പാര്‍സല്‍ ആയി വാങ്ങിയിട്ട് ഉറങ്ങിയാല്‍ 8 മണി ആവുമ്പോ ഭക്ഷണം കഴിക്കാന്‍ എനീക്കണ്ടല്ലോ...പിന്നെ   ഇത്തിരി ഷോപ്പിങ്ങും  ഉണ്ട്...

ആദ്യം ഹോട്ടല്‍ ഇല്‍ കയറി...ചായയും പഴം പൊരിയും വാങ്ങി..രാത്രി ഭക്ഷണത്തിന് പുട്ട് പാര്‍സല്‍ ആയും ഓര്‍ഡര്‍ ചെയ്തു..പെട്ടെന്നാണ് ഒരു പാട്ട് എന്റെ ശ്രദ്ദയില്‍ പെട്ടത്.. കൊള്ളാമല്ലോ..സാധാരണ  ഇവിടെ വരുമ്പോള്‍ " നാലും മൂന്നും ഏഴാണ് ഫാത്തിമ ....അഞ്ചും മൂന്നും എട്ടാണ് ബീയാത്തു...." എന്നൊക്കെ ഉള്ള അര്‍ത്ഥഗര്‍ഭമായ പാട്ടുകള്‍ ആണ് കേള്‍ക്കുക...ഇത് ആ ടൈപ്പ് അല്ല..ഒരു ക്ലാസിക്കല്‍ ടൈപ്പ് ആണല്ലോ...
വയലിന്‍, ഘടം,..മോര്‍ ശംഗ് എല്ലാം ഉണ്ട്...കേട്ടിട് നല്ല പരിചയം ഉള്ള പാട്ട്.. അറിയാവുന്ന താളം ഒക്കെ വച്ചു ഞാന്‍ താളം പിടിക്കാന്‍ തുടങ്ങി....ആദിതാളം... ഹായ്‌ ഇത് നമ്മുടെ വാതാപി ഗണപതിം ഭജേ..ആണല്ലോ..ഇവന്മാര്‍ക്ക്  ഒക്കെ ഇത്ര സംഗീത ബോധം വന്നോ?.പെട്ടെന്ന് പാട്ട് നിന്നു."അല്ലെങ്കിലും ഈ അലവലാതികള്‍ ഇങ്ങനെ ആണ്..കലാ ബോധം ഇല്ലാത്തവന്മാര്‍..വെറുതെ മനുഷ്യനെ കൊതിപ്പിച്ചു.."..പഴം പൊരി തിന്നു തീരുന്നതിനു മുന്നേ ദാ വരുന്നു പിന്നെയും വാതാപി...വെറും രണ്ടു മിനിറ്റ് നേരത്തേക്ക്.....അത് കഴിഞ്ഞു പാട്ട് നിന്നു...

ഇനി പഴം വാങ്ങണം...അടുത്ത കടയില്‍ കയറി.." ചേട്ടാ നേന്ത്ര പഴം ഉണ്ടോ?".." പിന്നെ ഈ തൂക്കി ഇട്ടിരിക്കുന്നത് എന്താടാ തേങ്ങ കുല ആണോ? നേന്ത്രക്കുല  കണ്ടൂടെ? ഒരു കിലോ എടുക്കട്ടെ? "... ചേട്ടന്‍ കലിപ്പ് ആണ്.."ഒരെണ്ണം മതി...ഏറ്റവും ചെറുത്‌ നോക്കി.."..ഇവന്‍ ഒക്കെ എവിടുന്നു വരുന്നെടാ എന്ന സ്റ്റൈലില്‍ പുള്ളി എന്നെ ഒന്ന് നോക്കി..പഴം എടുത്തു തരുന്നതിന്റെ ഇടയില്‍ ആണ് ഞാന്‍ വീണ്ടും കേട്ടു..ആ പാട്ട്..വാതാപി ഗണപതിം.....മൈ ഗോഡ്..കലിപ്പ് ചേട്ടന്‍ പോലും ശാസ്ത്രീയ സംഗീതം ആണ് കടയില്‍ വെച്ചിരിക്കുന്നത്....കൊള്ളാം..

 കുറച്ചു സ്റ്റേഷന്‍രി സാധനങ്ങള്‍ കൂടെ  വാങ്ങാനുണ്ട്‌....അടുത്ത കടയില്‍ കയറി.."ചേട്ടാ 10 മൊട്ടു സൂചി.."
എനിക്ക് അസൈന്‍ മെന്റ് വെക്കുമ്പോ പേപ്പറില്‍ കുത്താന്‍ ഉള്ളതാണ്...അസ്സൈന്മെന്റ് തരുന്ന എല്ലാവന്റെയും കയ്യില്‍ കൊണ്ട് കയറട്ടെ..! അത് കഴിഞ്ഞു..." ഇനി എന്തെങ്കിലും വേണോ?" ....
'"ഈ ഫയല്‍ ഒക്കെ കെട്ടി വെയ്ക്കുന്ന ചരട് വേണം..10 എണ്ണം അതും എടുത്തോ..പിന്നെ 2 രൂപയടെ സ്റ്റിക്ക് ഈസി പേന ..പേന ഒരെണ്ണം മതി  കേട്ടോ ..." കടക്കാരന്‍ കോരി തരിച്ചു പോയി കാണും...മെഗാ ബിസിനസ്‌ ഡീല്‍ അല്ലെ ഞാന്‍ നടത്തിയിരിക്കുന്നത്..4 രൂപയുടെ.ബിസിനസ്‌ ഡീല്‍..!.അതിശയം ആയിരിക്കുന്നു...ഈ കടയിലും വെച്ചിരിക്കുന്ന പാട്ട് വാതാപി ഗണപതിം തന്നെ...വോള്യും വളരെ കുറച്ച ആണ് വെച്ചിരിക്കുന്നത്.. നല്ലോണം ശ്രദ്ദിക്കണം കേള്‍ക്കാന്‍. എന്നെ അങ്ങനെ പറ്റിക്കാന്‍ നോക്കേണ്ട....കൊച്ചു കള്ളന്‍..!

 മെഡിക്കല്‍ ഷോപ്പിലും ഒന്ന് കയറണം...എനിക്കല്ല മരുന്ന്...കൂടെ ഉള്ള രണ്ടു അലവലാതികള്‍ക്ക് ആണ്.. ബീഫ് കഴിച്ചു രണ്ടെണ്ണം വയറിളക്കം പിടിച്ചു കിടപ്പുണ്ട്....ഇതിപ്പോ രണ്ടിന്റെയും സ്ഥിരം പരിപാടി ആയിട്ടുണ്ട്‌.. ഈ പണി എന്നെ കൊണ്ട് പറ്റില്ല എന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്..മരുന്ന് വാങ്ങാന്‍ ഉള്ള ബുദ്ധിമുട്ട് കൊണ്ടല്ല..20 -22 വയസ് ഉള്ള ഒരു പെണ്ണ് ആണ് മെഡിക്കല്‍ ഷോപ്പില്‍ ഇരിക്കുന്നത്...ഞാന്‍ ചെന്ന് മരുന്നിന്റെ പേര് പറയുമ്പോള്‍ തന്നെ അവള്‍ ചിരി തുടങ്ങും .ഈ ചേട്ടന്റെ ഒരു കാര്യം എന്ന സ്റ്റൈലില്‍....." എനിക്കല്ല..കുട്ടി..വേറെ രണ്ടു അലവലാതികള്‍ ആണ് വയറിളക്കം പിടിച്ചു കിടക്കുന്നത് " എന്ന് ഇവളെ എങ്ങനെ പറഞ്ഞു മനസിലാക്കിക്കും?...എന്റെ മുഖം കണ്ടപ്പോളേ അവള്‍ ചിരി തുടങ്ങി...ങഹാ പോട്ടെ.. അങ്ങനെ എങ്കിലും ഒരുത്തി മുഖത്ത്‌ നോക്കി ചിരിക്കുന്നുണ്ടല്ലോ...  ചിരിക്കാരി മരുന്ന് എടുക്കാന്‍ പോയപ്പോള്‍ ആണ് ഞാന്‍ ആ പാട്ട് ശ്രദ്ദിച്ചത്...മൈ ഗോഡ്...ഈ കടയിലും വെച്ചിരിക്കുന്ന പാട്ട് വാതാപി ഗണപതിം ആണല്ലോ.....കള്ളി....അപ്പൊ എന്റെ ഇഷ്ടം എല്ലാം അറിയാം...! ചിലപ്പോ എന്നെ കണ്ടപ്പോ തന്നെ തോന്നി കാണും ഒരു സംഗീത പ്രേമി ആണ് എന്ന്....സ്മാള്‍ തീഫ്!

തിരിച്ചു ഹോസ്റ്റല്‍ലേക്ക് നടക്കുമ്പോളും ഇടയ്ക്കിടെ വാതാപി കേള്‍ക്കുന്നുണ്ട്.....എന്താ നാട്ടുകാര്‍ക്ക് എല്ലാം പറ്റിയത് ആവോ? എല്ലാവരും ശാസ്ത്രീയ സംഗീതം കേള്‍ക്കാന്‍ തുടങ്ങിയോ? എനിക്ക് വട്ട് ആയതാണോ അതോ ഇനി നാട്ടുകാര്‍ക്ക്  മുഴുവന്‍ വട്ട് പിടിച്ചോ?

തിരിച്ചു ഹോസ്റ്റല്‍ ഇല്‍ എത്തി...വിയര്‍ത്തു...ഗന്ധര്‍വന്‍ ആയി...(ഈ ഷര്‍ട്ടില്‍ വിയര്‍പ്പു ആയി കഴിയുമ്പോ വല്ലാത്ത ഗന്ധം ആണ്..അതാണ്‌ .ഗന്ധര്‍വന്‍!)...കുളിച്ചേക്കാം....വാതാപി ഒന്ന് പാടി തീര്‍ക്കണം..
കുളിമുറിയില്‍ കയറി ഞാന്‍ രാഗ വിസ്താരം തുടങ്ങി...." പ്രണവ സ്വരൂപ വക്രതുണ്ഡം..." എന്നൊക്കെ പാടി പുറത്ത് വരുമ്പോ സഹ മുറിയന്‍ ചെവി ഒക്കെ പൊത്തി ഇരിക്കുന്നുണ്ട്‌..സംഗീത ബോധം ഇല്ലാത്തവന്‍........!( എന്റെ പാട്ട് ഞാന്‍ തന്നെ റെക്കോര്‍ഡ്‌ ചെയ്തു പിന്നെ ഒരിക്കല്‍ കേട്ടപ്പോള്‍ ആണ് അവന്മാര്‍ക്ക് ഒക്കെ സംഗീത ബോധം ഉണ്ട് എന്ന് എനിക്ക് മനസിലായത്.)...കളരി ഒക്കെ ആയതു കൊണ്ടാവും ഇവന്മാര്‍ ഒന്നും എന്നെ കൈ വെക്കാത്തത്...ആയ കാലത്ത് അതൊക്കെ പഠിച്ചത് ഭാഗ്യം..!

അല്ലാ വീട്ടില്‍ നിന്നും ഇത് വരെ വിളിച്ചില്ലേ എന്നെ? വീട്ടുകാരും ഉപേക്ഷിച്ചോ?...വിളിക്കേണ്ട സമയം കഴിഞ്ഞല്ലോ..മൊബൈല്‍ ഒന്ന് എടുത്തു നോക്കട്ടെ.ബാഗിന്റെ ഉള്ളില്‍ നിന്നു മൊബൈല്‍ എടുത്തു..

എന്റെ ഭഗവാനെ...16 missed കാള്‍... എല്ലാം വീട്ടില്‍ നിന്നു തന്നെ......!

അപ്പൊ ഈ  കുണ്ട്രാണ്ടം ആയിരുന്നോ ഇത്ര നേരവും കിടന്നു വാതാപി പാടിയത്? തിരിച്ചു വിളിച്ചേക്കാം..." ..എത്ര നേരം ആയെടാ...വിളിക്കാന്‍ തുടങ്ങിയിട്ട് ..ചെവി കേട്ടൂടെ?...@%*%#@  മനുഷ്യന്‍ ആയാ കുറച്ചെങ്കിലും ബോധം  വേണം. ."

ഭക്തി മാര്‍ഗത്തിലേക്ക് തിരിയുന്നതിന്റെ ഭാഗമായി ആണ് രാവിലെ ആണ് ഞാന്‍ റിംഗ് ടോണ്‍ വാതാപി ഗണപതിം ആക്കി മാറ്റിയത്.....പിന്നെ ഞാന്‍ ആ കാര്യം മറന്നു...!

1 അഭിപ്രായം: